മൂന്നാർ: കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ ആറുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇറച്ചി കടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. മുരിക്കാശേരി തെക്കേ കൈതക്കൽ ഡിനിൽ സെബാസ്ത്യൻ (34), കൂമ്പൻപാറ സ്വദേശി എംബി സലിം (45), ശെല്യാംപാറ സ്വദേശി സി.എം.മുനീർ (33), കുണ്ടള സാൻഡോസ് എസ്ടി കോളനി നിവാസികളായ പി ശിവൻ (26), കെ.രഘു (26). എം കുമാർ (26) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
സംഭവത്തിൽ ഒരാൾ ഒളിവിലാണ്. പ്രതികൾ സഞ്ചരിച്ചിരുന്നതും ഇറച്ചി കടത്താനുപയോഗിച്ചതുമായ ഒരു പിക്കപ്പ് വാൻ, രണ്ട് കാറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ മാർച്ച് 17 ന് രാത്രിയിൽ ചെണ്ടുവര എസ്റ്റേറ്റിലെ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഫീൽഡ് നമ്പർ ഒൻപതിൽ നിന്നാണ് 600 ലധികം കിലോ തൂക്കം വരുന്ന രണ്ടു കാട്ടുപോത്തുകളെ ഇവർ വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്.
27 ന് രാവിലെ കൊളുന്ത് എടുക്കാനെത്തിയ തൊഴിലാളികളാണ് കാട്ടുപോത്തുകളുടെ അവശിഷ്ടങ്ങൾ കണ്ടതിനെ തുടർന്ന് വിവരം വനം വകുപ്പിനെ അറിയിച്ചത്. കുണ്ടള ഡാമിൽ മീൻ പിടിക്കാനെന്ന വ്യാജേന എത്തിയ സംഘത്തിന് നായാട്ടിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത് സാൻഡോസ് കോളനിയിൽ നിന്നും പിടിയിലായവരാണ്. ഇവരാണ് ഇറച്ചി ചുമന്ന് വാഹനത്തിലെത്തിച്ചു നൽകിയതും. ഒന്നാം പ്രതിയായ ഡിനിൽ നിരവധി നായാട്ടു കേസുകളിലെ പ്രതിയാണ്. ഇയാളാണ് കാട്ടുപോത്തുകളെ വെടിവച്ചു കൊന്നത്.
മറ്റു തെളിവുകളൊന്നുമില്ലാതിരുന്ന കേസിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ദേവികുളം, അടിമാലി, മൂന്നാർ റെയ്ഞ്ച് ഓഫീസർമാരായ പിവി വെജി, ജോജി ജെയിംസ്, അരുൺ മഹാരാജാ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെത്താനായില്ല. പ്രതികളെ തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം റെയ്ഞ്ചർ പറഞ്ഞു.