സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

ദില്ലി: ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരം തുടരുമെന്ന് താരങ്ങൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി. ഈ മാസം 21 വരെ രാപ്പകൽ സമരം തുടരും. 21 ന് യോ​ഗം ചേർന്ന് സമരത്തിന്റെ ഭാവി തീരുമാനിക്കും. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാകേഷ് ടിക്കായത്തും മറ്റ് കർഷക നേതാക്കളും എത്തിച്ചേർന്നിട്ടുണ്ട്. ഞങ്ങളുടെ പെൺമക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഇവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ മുഴുവൻ രാജ്യവും ഇവർക്കൊപ്പം നിൽക്കും. നാളെ ഖാപ് പഞ്ചായത്തുകളിൽ നിന്നും 5000 പേർ ജന്തർ മന്തറിലെത്തും.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ​ഗുസ്തി താരങ്ങൾ 15 ദിവസമായി രാപ്പകൽ സമരം ചെയ്യുന്നത്. പരാതി നൽകിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല. വൈകിട്ട് 7 മണിക്ക് ജന്തർ മന്തറിൽ മെഴുകുതിരി പ്രതിഷേധം നടത്തുമെന്ന് വിനേശ് ഫോഗട്ട് അടക്കമുള്ള താരങ്ങൾ വ്യക്തമാക്കി. തുടർന്ന് ദില്ലി പോലീസ് സുരക്ഷ സംവിധാനങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യം അറിയിച്ച് ഖാപ് പഞ്ചായത്ത് നേതാക്കൾ ജന്തർ മന്തറിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടിയത്. ദില്ലിയുടെ അതിർത്തികളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചു. ഉത്തർപ്രദേശ് ഹരിയാന രാജസ്ഥാൻ എന്നിവിടങ്ങളിലെ ഖാപ് നേതാക്കളാണ് സമരവേദിയിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *