കെട്ടിട നിര്‍മ്മാണ ചട്ടഭേദഗതി: കുറഞ്ഞ നിരക്ക് ഈടാക്കുമെന്ന് കെപിസിസി

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതിവരുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിഘടന സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാല്‍ മതിയെന്നും ഇതുസംബന്ധിച്ച് എത്രയും വേഗം പ്രമേയം പാസാക്കി കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും കെപിസിസി നിര്‍ദ്ദേശം നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ കെട്ടിട നികുതിയും പെര്‍മിറ്റ്,അപേക്ഷ ഫീസുകളും സ്ലാബ് സമ്പ്രദായത്തിലെ ഫീസുകളില്‍ ഓരോ സ്ലാബിലേയും ഏറ്റവും കുറഞ്ഞ നിരക്ക് മാത്രമെ ഈടാക്കാവു, അന്യായമായി വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് ,റെഗുലറെെസേഷന്‍ ഫീസ്,ലേ ഔട്ട് ഫീസ് തുടങ്ങിയവ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രമേയം പാസാക്കി സര്‍ക്കാരിനോട് ആവശ്യപ്പെടണം, കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ അധിക നികുതികള്‍ ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്നും അതിന് അനുമതി നിഷേധിച്ചാല്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കെപിസിസി നിര്‍ദ്ദേശം നല്‍കി നൽകുകയുണ്ടായി.

 

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത വകുപ്പ് മേധാവികളുടെ യോഗത്തില്‍ അടുത്തവര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് നിര്‍ണ്ണയത്തിലും റേറ്റിങ്ങിലും നികുതി പിരിവ് കൂടി പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. ഉയര്‍ന്ന നികുതി പിരിച്ച് ജനങ്ങളെ പിഴിഞ്ഞതിന്‍റെ പേരില്‍ സര്‍ക്കാരും മന്ത്രിയും നല്‍കുന്ന ഒരു അവാര്‍ഡും കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമില്ലെന്നും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആശ്വാസ നടപടികള്‍ക്കും പൊതുജനം നല്‍കുന്ന അംഗീകാരം മാത്രം മതിയെന്നും കെപിസിസി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി പരിഷ്കരണം ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരമാണ് അടിച്ചേല്‍പ്പിച്ചത്.കെട്ടിട നികുതി വര്‍ധനവ് പൊതുജനങ്ങളെ മാത്രമല്ല വാണിജ്യ-വ്യവസായ സര്‍വീസ് മേഖലകളെയും ഒരുപോലെ വലയ്ക്കുന്നതാണ്. അതിന് ആശ്വാസം നല്‍കുവാനാണ് കോണ്‍ഗ്രസ് ഇത്തരം ഒരു തീരുമാനം എടുത്തത്. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകള്‍ക്കുള്ളില്‍ നിന്ന് ഉചിതമായ നിരക്കുകള്‍ ഈടാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതിക്ക് ഉണ്ടെന്നും കെപിസിസി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *