ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

ഇടുക്കി: അടിമാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു ലക്ഷത്തിനടുത്ത് രൂപയാണ് രണ്ട് പ്രാവശ്യമായി ഇയാൾ തട്ടിപ്പിലൂടെ നേടിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അടിമാലി 200 ഏക്കർ മരോട്ടിക്കുഴിയിൽ ഫിലിപ്പ് തോമസ് (63) ആണ് അടിമാലി പൊലീസിന്റെ പിടിയിലായത്. രണ്ട് തവണകളായി മൂന്നുലക്ഷത്തിനടുത്ത് തുകയാണ് ഇയാൾ സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയത്. ശനിയാഴ്ച ഉച്ചയോടെ അടിമാലി സർവീസ് സഹകരണ ബാങ്കിൽ എത്തിയ പ്രതി ആറര പവൻ ആഭരണം പണയപ്പെടുത്തി 2 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം പുറത്തേക്കിറങ്ങി ഇതിനിടെ സംശയം തോന്നിയ ബാങ്ക് ജീവനക്കാർ ആഭരണങ്ങൾ പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. ഉടൻ ഇയാളെ തടഞ്ഞുനിർത്തിയശേഷം അടിമാലി പൊലീസിൽ വിവരമറിയിച്ചു.

ഇയാൾ പിടിയിലായതോടെ മുൻപ് ഇതേ ബാങ്കിൽ നടത്തിയ പണയ ഇടപാട് പരിശോധിച്ചപ്പോൾ ഈ മാസം മൂന്നിന് 93000 രൂപ തട്ടിയതും മുക്കുപണ്ടം പണയം വെച്ചാണെന്ന് തെളിഞ്ഞു.ഇതോടെ ബാങ്ക് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *