ഓണ്‍ലൈന്‍ വീഡിയോകൾ ഭരണകൂടം സെൻസർ ചെയ്യുന്നു; ചൈനയിലെ ദാരിദ്ര്യം പുറത്തറിയാത്തത്

ബെയ്ജിം​ഗ്: ഓണ്‍ലൈന്‍ വീഡിയോകൾ ഭരണകൂടം സെൻസർ ചെയ്യുന്നതിനാൽ ചൈനയിലെ ദാരിദ്ര്യത്തിന്റെ അളവ് എത്രമാത്രമാണെന്ന് രാജ്യത്തെ ജനങ്ങൾ പോലും അറിയുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. തന്റെ പെൻഷൻ തുക ഉപയോ​ഗിച്ച് എന്തൊക്കെ പലചരക്ക് സാധനങ്ങളാണ് വാങ്ങാന്‍ സാധിക്കുന്നതെന്ന് വിവരിച്ച് കഴിഞ്ഞയിടയ്ക്ക് ഒരു സ്ത്രീ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ അധികൃതർ നീക്കം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

ചൈനയിലെ യുവാക്കൾ നേരിടുന്ന തൊഴിൽ പ്രതിസന്ധികളെക്കുറിച്ചും മോശം സാമ്പത്തികസ്ഥിതിയെക്കുറിച്ച് അവർക്കുള്ള നിരാശയെക്കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ട് ഒരു ​ഗായകൻ വീഡിയോ തയ്യാറാക്കിയിരുന്നു. ഞാനെന്റെ മുകം ദിവസവും കഴുകുന്നു, അതിലും വൃത്തിയുള്ളതാണ് എന്റെ പോക്കറ്റ്, ശൂന്യമാണത് എന്നായിരുന്നു ആ പാട്ടിന്റെ വരികൾ. ഈ പാട്ട് നിരോധിക്കുകയും അയാളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ റദ്ദാക്കുകയും ചെയ്തിരുന്നു എന്നും ന്യായോർക് ടൈംസ് പറ‌യുന്നു.

പൊതുജനങ്ങളുടെ പുരോ​ഗതി ലക്ഷ്യമിടുന്ന ഒരു സോഷ്യലിസ്റ്റ് രാജ്യമാണ് തങ്ങളു‌ടേതെന്നാണ് ചൈന അവകാശപ്പെടുന്നത്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ചൈന സമഗ്ര വിജയം നേടി എന്ന് 2021ൽ ഷി ജിൻപിംഗ് പ്രഖ്യാപിക്കുകയും ചെ‌യ്തിരുന്നു. എന്നിട്ടും രാജ്യത്ത് പലരും ദരിദ്രരായി തുടരുന്ന സ്ഥിതിവിശേഷമാണുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക പുരോ​ഗതിക്കുള്ള സാധ്യതകൾ മങ്ങി‌യിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ. ഭാവിയെക്കുറിച്ചുള്ള ആശങ്ക ജനങ്ങളിൽ വർദ്ധിച്ചിരിക്കുകയാണ്. നിരാശജനകമായ കാര്യ‌ങ്ങൾ പങ്കുവയ്ക്കുന്നതും സാമ്പത്തിക ധ്രുവീകരണത്തിന് പ്രേരിപ്പിക്കുന്നതും പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായയെ നശിപ്പിക്കുന്നതുമായ വീഡിയോകളോ പോസ്റ്റുകളോ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ചൈനയിലെ സൈബർസ്‌പേസ് അഡ്മിനിസ്‌ട്രേഷൻ രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കൊട്ടിഘോഷിക്കുന്ന ഒന്നാണ് അവിടുത്തെ ദാരിദ്ര്യനിർമ്മാർജനം. എന്നാൽ, സാമ്പത്തിക ശക്തിയായി ഉയർന്നുവരുമ്പോഴും സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ദരിദ്രരായവരുടെ അവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും മുഖം തിരിക്കുന്ന സമീപനമാണ് ചൈനയുടേത്.

Leave a Reply

Your email address will not be published. Required fields are marked *