പിതാവും മുത്തശ്ശിയും ചേർന്ന് പിഞ്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതായി പരാതി

നെടുങ്കണ്ടം: മദ്യപിച്ചെത്തുന്ന പിതാവും മുത്തശ്ശിയും ചേർന്ന് പിഞ്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതായി പരാതി. പട്ടം കോളനിയിലാണ് അഞ്ചും ആറും വയസുള്ള കുട്ടികള്‍ക്ക് നേരെ അതിക്രമം നടന്നിരിക്കുന്നത്. ആരോഗ്യ വകുപ്പ് നടത്തിയ ഫീൽഡ് സർവേയിലാണ് കുട്ടികൾക്ക് നേരെ അതിക്രമം നടക്കുന്നതായി കണ്ടെത്തിയത്. ഇവരുടെ അതിക്രമത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പട്ടം കോളനി മെഡിക്കൽ ഓഫിസർ വി കെ പ്രശാന്ത് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും നെടുംകണ്ടം സ്റ്റേഷൻ ഹൗസ് ഓഫിസർക്കും റിപ്പോർട്ട് നൽകി.

നെടുങ്കണ്ടം മേഖലയിൽ ആരോഗ്യവകുപ്പ് നടത്തിയ ഭവന സന്ദർശനത്തിനിടെയാണ് കുട്ടികൾ ഉപദ്രവിക്കപ്പെടുന്ന വിവരം പുറത്തുവന്നത്. ആറ് വയസ്സുള്ള പെൺകുട്ടിയുടെയും നാല് വയസ്സുള്ള ആൺകുട്ടിയുടെയും മാതാവ് സമീപകാലത്ത് വിദേശത്തേക്ക് പോയിരുന്നു. ഭാര്യയുടെ മാതാവിനൊപ്പമാണു രണ്ട് കുട്ടികളും, ഇവരുടെ പിതാവും കഴിയുന്നത്. പതിവായി മദ്യലഹരിയിൽ വീട്ടിൽ എത്തുന്ന പിതാവ് മക്കളെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട്.

 

മകളുടെ ഭർത്താവിനോടുള്ള വിരോധം കാരണം മുത്തശ്ശിയും കുട്ടികളെ ഉപദ്രവിക്കും. നിരന്തരമായ ഉപദ്രവം കാരണം കുട്ടികൾക്ക് പെരുമാറ്റ വൈകല്യം ഉണ്ടായെന്നാണു കണ്ടെത്തൽ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *