രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 22 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയില്‍

തിരുവനന്തപുരം: പാറശ്ശാല കൊറ്റാമത്ത് ബസിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 22 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് രാമനാഥപുരം ജില്ലയില്‍ മുതുകുളത്തൂര്‍ താലൂക്കില്‍ കണ്ണെത്താന്‍ വില്ലേജില്‍ മണലൂര്‍ മേല കണ്ണിശേരി 2/180 നമ്പര്‍ വീട്ടില്‍ രാജ പ്രവീണ്‍കുമാര്‍ (24) ആണ് എക്സൈസിന്‍റെ പിടിയിലായിരിക്കുന്നത്. കൊറ്റാമത്ത് അമരവിള എക്‌സൈസ് റെയിഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോള്‍വോ ബസില യാത്രക്കാരനായിരുന്നു ഇയാളെന്ന് എക്സൈസ് പറഞ്ഞു.

പ്രവീണ്‍കുമാറിന്‍റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്നും 22 ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ നോട്ടുകളാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്വകാര്യവ്യക്തിക്ക് കൈമാറാൻ കൊണ്ടുവന്നതാണ് പണമെന്നാണ് യുവാവ് എക്‌സൈസിനെ അറിയിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോജ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബിനോയ്, പ്രിവന്‍റീവ് ഓഫിസർമാരായ മധു, വിജയകുമാര്‍, സി.ഇ.ഒമാരായ നിശാന്ത്, രാജേഷ്, അരുൺ എന്നിവരാണ് പണം പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും ആരാണ് കൊടുത്തയച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ ഉടനെ കണ്ടെത്തുവെന്നും എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *