കാറിൽ കടത്തിയ 221 കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിൽ ആഢംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവുമായി നാലുപേരെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. തൃശ്ശൂർ, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയിരിക്കുന്നത്.

ചിയ്യാരം സ്വദേശി അലക്സ് ,പുവ്വത്തൂർ സ്വദേശി റിയാസ് , ആലപ്പുഴ പനവള്ളി സ്വദേശി പ്രവീൺരാജ് , ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ചാക്കോ എന്നിവരാണ് ലഹരി വിരുദ്ധസേനയുടെ പിടിയിലായിരിക്കുന്നത്. ഒറീസയിൽ നിന്ന് മൊത്തവിലക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഇടനിലക്കാർക്ക് മറിച്ചുവിൽക്കുന്നതാണ് ഇവരുടെ രീതി. വാങ്ങിയ വിലയുടെ പത്തിരട്ടിയിലധികം ലാഭത്തിനാണ് ചില്ലറ വിൽപ്പന. കഞ്ചാവ് കടത്തുന്നതിന് ഇവർ സ്വകാര്യ കാറുകളാണ് ഉപയോഗിക്കുന്നത്. സംശയം തോന്നാതിരിക്കാൻ ഹരിയാന രജിസ്ട്രേഷനുള്ള ആഢംബര കാറിലാണ് ഇത്തവണ കടത്തിയത്.

അറസ്റ്റിലായ പ്രതികളിൽ ചിയ്യാരം സ്വദേശി അലക്സിനെ മുമ്പ് പത്തനംതിട്ട തിരുവല്ല പൊലീസ് സ്റ്റേഷനിലെ കേസിൽ കോടതി ഏഴു വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലാണ് ഇയാളിപ്പോൾ. പ്രവീൺരാജിന് പാലക്കാടും, എറണാകുളത്തും തൃശ്ശൂരിലും കഞ്ചാവ് കടത്തിയ കേസുകളും അടിപിടി കേസുകളുമുണ്ട്. ചാക്കോയും, റിയാസും അടിപിടി കേസുകളിൽ പ്രതിയാണ്.ഇവരുടെ സാമ്പത്തിക സ്ത്രോതസ്സും, കഞ്ചാവ് വിതരണം ചെയ്തവരെപ്പറ്റിയും, ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *