പാലക്കാട്: പാലക്കാട് ജില്ലയിലെ കിണാശ്ശേരിയിൽ വച്ച് 30 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പ്രദേശത്തെ വ്യവസായിക്ക് ഇടയ്ക്ക് പണം എത്താറുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു കവർച്ച ആസൂത്രണം ചെയ്തിരിക്കുന്നത്.
ഏപ്രിൽ ഇരുപതിന് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. കിണാശ്ശേരിയിലുള്ള ഒരു വ്യവസായിയുടെ വീട്ടിലേക്ക് ജീവനക്കാരൻ ബൈക്കിൽ 30 ലക്ഷം രൂപയുമായി വരുന്നു. മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേർ ഇയാളെ ആക്രമിച്ചു. തലയ്ക്ക് കമ്പി കൊണ്ട് അടിച്ചു. കണ്ണിൽ മുളക് സ്പ്രേ അടിച്ചു. ശേഷം പണവുമായി മുങ്ങി. ഈ കേസിലെ മുഖ്യസൂത്രധാരൻ ജംഷീർ, ഗൂഢാലോചനയിൽ പങ്കെടുത്ത ഒറ്റപ്പാലം സ്വദേശി രാമചന്ദ്രൻ എന്നിവരെയാണ് പാലക്കാട് ടൌൺ സൌത്ത് പൊലീസ് അറസ്റ്റു ചെയ്തത്.
വ്യവസായിക്ക് സ്ഥിരമായി പണം എത്താറുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ കവർച്ചയ്ക്കായി വൻ ആസുത്രണം നടത്തി. പണം തട്ടുന്ന കേസിലെ നിരവധിപേരെ കവർച്ചായി ഉപയോഗിച്ചു. നൂറോളം സിസിടിവി പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കവർച്ചാ സംഘത്തിലെ മറ്റുള്ളവർകാക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ ജംഷീർ , രാമചന്ദ്രൻ എന്നിവരെ റിമാൻഡ് ചെയ്തു. പ്രതികളിൽ രാമചന്ദ്രൻ നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ്. ഒറ്റപ്പാലം പൊലീസ് ഇയാൾക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. പണത്തിൻ്റെ ഉറവിടം സംബന്ധിച്ചും സൗത്ത് പൊലീസ് അന്വേഷിക്കുന്നുണ്ട്.