കൊച്ചി: തൃശൂർ തുമ്പൂർമൂഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ കൊലപാതകം എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം ഇന്ന് രാത്രി കാലടി പൊതു ശ്മശാനത്തിൽ നടക്കുന്നതാണ്. എന്നാൽ അതേസമയം ആതിരയുടെ മരണം കഴുത്തിൽ കുരുക്ക് മുറുക്കിയതു മൂലമുള്ള ശ്വാസതടസമെന്ന് പോസ്റ്റ്മോർട്ടം ഫലം പുറത്തുവന്നു.
എറണാകുളം കാലടി ചെങ്ങലിൽ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്ത് കൊന്ന് തള്ളുകയായിരുന്നു. കേസിൽ അറസ്റ്റിലായ പ്രതിയും ആതിരയുടെ സുഹൃത്തുമായ അഖിലിനെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു.
കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. ആതിരയുടെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണ്ണാഭരണം കാണാതായെന്നും അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി.