എട്ട് മാസം മുന്‍പ് നടന്ന മോഷണകേസിലെ തൊണ്ടിമുതല്‍ കണ്ടെത്തി

 

മൂന്നാർ: കോതമംഗലത്ത് എട്ട് മാസം മുന്‍പ് നടന്ന മോഷണകേസിലെ തൊണ്ടിമുതല്‍ മൂന്നാറിലെ സ്വര്‍ണ കടയില്‍ നിന്ന് കണ്ടെത്തുകയുണ്ടായി. കേസിലെ പ്രതിയുമായി മൂന്നാറില്‍ നടന്ന തെളിവെടുപ്പിലാണ് മൂന്നാറിലെ സ്വര്‍ണക്കടയില്‍ നിന്നും കണ്ടെത്തിയത്. മൂന്നാര്‍ ടൗണിലെ ജിഎച്ച് റോഡിൽ ക്ഷേത്രപാലത്തിനു സമീപമുള്ള സ്വർണക്കടയിൽ നിന്നുമാണ് 8.100 ഗ്രാം സ്വർണാഭരണങ്ങൾ കോതമംഗലം പൊലീസ് കണ്ടെടുത്തത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് കോതമംഗലം കുത്തുകുഴി സ്വദേശി കുലശേരി ജേക്കബിൻ്റെ വീട് കുത്തിതുറന്ന് മൂന്നംഗ സംഘം ഏഴുപവൻ സ്വർണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചത്. സംഭവത്തിൽ രണ്ടു പ്രതികളെ തമിഴ്നാട്ടിൽ നിന്നും മാസങ്ങൾക്ക് മുൻപ് അറസ്റ്റു ചെയ്തിരുന്നു. ഒളിവിലായിരുന്ന മൂന്നാം പ്രതി അടിമാലി ദേവിയാർ കോളനി സ്വദേശി പി.സൂര്യ (39) യെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് വീതമായി ലഭിച്ച ആഭരണങ്ങളിൽ ചിലത് മൂന്നാറിലെ സ്വർണ കടയിലാണ് വിറ്റതെന്ന് സമ്മതിച്ചു. ഇതേ തുടർന്നാണ് കോതമംഗലം സ്റ്റേഷനിലെ എസ്ഐമാരായ കെ.എസ്.ഹരിപ്രസാദ്, എം.എം.റെജി, സിപിഓ ടൈറ്റസ് പീറ്റർ എന്നിവരുടെ നേതൃത്യത്തിൽ പ്രതിയുമായെത്തി തൊണ്ടിമുതൽ കണ്ടെടുത്തത്. 22700 രൂപയ്ക്കാണ് ആഭരണങ്ങൾ കടയിൽ വിറ്റതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *