രത്ലം: ബസില്‍ ബ്രൗൺ ഷുഗർ കടത്തിയ അമ്മയും മകനും പിടിയില്‍. 50 ലക്ഷം വിലമതിക്കുന്ന ബ്രൗൺ ഷുഗറാണ് 24 കാരനായ മകനും 55 കാരിയായ അമ്മയുെ ചേര്‍ന്ന് ബസില്‍ കടത്താന്‍ ശ്രമിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ രത്ലത്തിലാണ് സംഭവം നടന്നിരിക്കുന്നത്. രത്ലം പൊലീസാണ് രഹസ്യ വിവരത്തേത്തുടര്‍ന്ന് അഫ്സല്‍ ഖാനും മല്ലിക ഖാത്തൂണിനേയും അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 50 ലക്ഷത്തിലധികം വില വരുന്ന 505 ഗ്രാം ബ്രൗൺ ഷുഗറാണ് പിടികൂടുമ്പോള്‍ ഇവരില്‍ നിന്ന് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ അഖോല സ്വദേശികളാണ് പിടിയിലായ ഇവര്‍.
ഇന്‍ഡോറിലേക്കുള്ള ബസില്‍ സ്ത്രീ ബ്രൗൺ ഷുഗര്‍ കടത്തുന്നുവെന്നും മകനാണ് സഹായിയായി കൂടെയുള്ളതെന്നുമായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരം. സ്റ്റേഷന്‍ റോഡ് പൊലീസിനാണ് രഹസ്യവിവരം ലഭിച്ചത്. നീളമുള്ള മുടിയായിരുന്നു മയക്ക് മരുന്ന് കൊണ്ട് പോവുന്ന സ്ത്രീയ്ക്ക് അടയാളമായി രഹസ്യ വിവരം നല്‍കിയവര്‍ പറഞ്ഞത്.
എന്‍ഡിപിഎസ് വകുപ്പ് അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അഫ്സലിനെതിരെ സമാനമായ കേസുകള്‍ നേരത്തെയുമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് സ്ഥിരമായി മയക്കുമരുന്ന് വില്‍ക്കുന്നയാളാണ് മല്ലിക ഖാത്തൂണ്‍ എന്നാണ് പൊലീസ് വിശദമാക്കുന്നത്. ബുധനാഴ്ചയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.