കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി മുസ്താഖ് ഷെയ്ഖിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരിക്കുന്നത്.
ഏഴ് വയസ്സുകാരനും സഹോദരനും ബന്ധുവീട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് ഇടവഴിയിൽ വെച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്. മുന്നിൽ നടന്നുപോയ അനുജനെ മുഖം പൊത്തി എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നത് പിന്നാലെ വന്ന ജേഷ്ഠൻ കണ്ടു. ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഈ സമയം കുട്ടിയെ ഉപേക്ഷിച്ച് മുസ്താഖ് ഷെയ്ഖ് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഒരു കിലോ മീറ്റർ അകലെ വെച്ച് ഇയാളെ കണ്ടെത്തി. തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറയുന്നതെന്ന് പൊലീസ് പറയുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ മുസ്താഖിന്‍റെ ബന്ധുക്കളും നാദാപുരം മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ നിന്ന് കൂടുതൽ കാര്യങ്ങൾ അറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും നാദാപുരം പൊലീസ് അറിയിച്ചു.