55 കാരിയെ വളർത്തുനായ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

 

ഫരീദാബാദ്: ഹരിയാനയില്‍ 55 കാരിയെ വളർത്തുനായ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ച ഫരീദാബാദിലെ അനംഗ്പൂർ ഗ്രാമത്തിലാണ് സംഭവം. സുമാർതി എന്ന 55-കാരിയെ ആണ് പിറ്റ് ബുൾ ഇനത്തില്‍പ്പെട്ട വളർത്തുനായ അതിക്രൂരമായി ആക്രമിക്കുകയുണ്ടായത്. സ്ത്രീയുടെ വലതുകാല്‍ നായ കടിച്ചുപറിച്ചു. സംഭവത്തിന് പിന്നാലെ നായയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുമാർതി ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. അനംഗ്പൂർ സ്വദേശിയായ ജോജുവിന്‍റെ നായയാണ് ഇവരെ ആക്രമിച്ചത്. ജോജു പ്രകോപിപ്പിച്ചതുകൊണ്ടാണ് നായ തന്‍റെ അമ്മയെ ആക്രമിച്ചതെന്ന് സുമാർതിയുടെ മകൻ പ്രവേഷ് ആരോപിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നായയുടെ ആക്രമണം ഉണ്ടായത്. വളർത്തു നായ അമ്മയെ കടിച്ച് മീറ്ററുകളോളം വലിച്ചുകൊണ്ട് പോയെന്നും പ്രവേഷ് പറയുന്നു.

നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് സുമാർതിയെ രക്ഷപ്പെടുത്തിയത്. ഉടനെ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തി സോനുവിനോട് നായ അമ്മയെ ആക്രമിച്ച വിവരം ചോദിച്ചപ്പോള്‍ നേരിട്ടപ്പോൾ തന്നെ ആക്രമിച്ചെന്നും പ്രവേഷ് ആരോപിക്കുന്നു. പ്രവേഷ് പൊലീസിന് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സൂരജ്കുണ്ഡ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ബൽരാജ് സിംഗ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *