ആതിരയുടെ ആത്മഹത്യ: പ്രതി ലോഡ്ജിൽ മരിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്

 

കാസർകോട് : കോട്ടയം കടുത്തുരുത്തി സ്വദേശിയായ ആതിര സൈബർ ആക്രമണത്തിന് പിന്നാലെ ജീവനൊടുക്കിയ കേസിലെ പ്രതി അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ആതിര മരിച്ചതിന് പിറ്റേ ദിവസം മെയ് രണ്ടിനാണ് ‘രാകേഷ് കുമാർ പെരിന്തൽമണ്ണ’ എന്ന പേരിൽ അരുൺ കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുക്കാനെത്തിയതെന്ന് ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു.

മാസ്ക് വെച്ചാണ് അരുൺ എത്തിയിരുന്നത്. പൈനാപ്പിൾ ലോറിയുടെ ഡ്രൈവറെന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. ഒപ്പം മറ്റാരുമുണ്ടായിരുന്നില്ല. മുഴുവൻ സമയവും തനിച്ചായിരുന്നു. മുറിയിൽ നിന്നും പുറത്തിറങ്ങുന്ന പതിവും അരുണിന് ഉണ്ടായിരുന്നില്ല. വന്ന ദിവസം കൈയ്യിൽ മദ്യക്കുപ്പിയുണ്ടായിരുന്നു. മദ്യപാനവും ഫോണിൽ സ്ഥിരമായി സംസാരിക്കുന്നതും കണ്ടിരുന്നുവെന്നും ജീവനക്കാരൻ വിശദീകരിച്ചു. മരിച്ച ശേഷമാണ് പ്രമാദമായ കേസിലെ പ്രതിയാണിതെന്ന് പൊലീസ് അറിയിച്ചത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നുവെന്ന് മൃതദേഹം താഴെയിറക്കിയവർ പറഞ്ഞു.

ഇന്ന് രാവിലെയാണ് ആതിര കേസിലെ പ്രതി അരുൺ വിദ്യാധരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജ പേരിലാണ് മുറിയെടുത്തിരുന്നത്. റൂമിൽ നിന്നും വോട്ടർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസും കണ്ടെത്തിയതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *