തൊടുപുഴ: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയ കേസിൽ പ്രതികളായ അമ്മയും മകളും ഒളിവില്‍. തൊടുപുഴ ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടൻ എന്ന 44-കാരനെ കൊട്ടേഷൻ കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇഞ്ചിയാനി കുറവന്‍പറമ്പില്‍ മില്‍ക്ക, മകള്‍ അനീറ്റ എന്നിവര്‍ക്കായാണ് പോലീസ് അന്വേഷണം ഊര്ജിതപ്പെടുത്തിയത്. ഓമനക്കുട്ടനോടുള്ള മുൻവൈരാഗ്യം കാരണം കാല് തല്ലിയൊടിക്കാനാണു അയല്‍വാസിയായ മില്‍ക്കയും മകള്‍ അനീറ്റയും ചേർന്ന് കൊട്ടേഷൻ നൽകിയത്. സംഭവത്തില്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘാഗങ്ങളും പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ചേരാനല്ലൂര്‍ അമ്പലക്കടവ് ചൂരപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പില്‍ ശ്രീജിത്ത് (25) എന്നിവരെ ചേരാനല്ലൂര്‍ പോലീസിന്റെ സഹായത്തോടെ തൊടുപുഴ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രിൽ 26-നായിരുന്നു സംഭവം. വീടിനു സമീപമുള്ള ഇടറോഡില്‍ കൂടി നടന്നുവരികയായിരുന്ന ഓമനക്കുട്ടനെ സ്കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഇടതുകാലിന് കല്ലിനിടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഓമനക്കുട്ടന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്താണ് പ്രതികള്‍ രക്ഷപ്പെട്ടത്. പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.