ന്യൂയോർക്: സബ്‍വേ ട്രെയിനിൽ ബഹളംവെച്ചയാളെ സഹയാത്രികൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ന്യൂയോർക്കിലാണ് സംഭവം നടന്നത്. ട്രെയിനിലുണ്ടായിരുന്ന ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. സംഭവത്തിൽ 24 വയസ്സുള്ള സഹയാത്രികനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മരിച്ചയാളുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുപ്പതു വയസ്സു തോന്നിക്കുന്ന ആൾ ട്രെയിനിൽ കയറിയത്. തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ബഹളംവയ്ക്കാനും ശല്യപ്പെടുത്താനും തുടങ്ങുകയും ഇത് മറ്റ് യാത്രക്കാരെ പിരഭ്രാന്തരാക്കുകയുമായിരുന്നു. തുടർന്ന് സഹയാത്രികരിൽ ഒരാൾ പുറകിലൂടെ വന്ന് ഇയാളുടെ കഴുത്തിന് ചുറ്റിപ്പിടിച്ചു. ഇരുവരും നിയന്ത്രണം വിട്ട് താഴെ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. കഴുത്തിന് ചുറ്റിപ്പിടിച്ചിരിക്കുന്നതിനാൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വിവരം.