ദില്ലി : മോദി പരാമര്‍ശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുൽ നൽകിയ ഹർജി റാഞ്ചി കോടതി തള്ളി. മോദി പരാമർശത്തിൽ രാഹുലിനെതിരെ റാഞ്ചിയിലും ഒരാൾ പരാതി നൽകുകയുണ്ടായി. പ്രദീപ് മോദിയെന്നയാളാണ് കോലാർ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കോടതി നിര്‍ദ്ദേശം. ഇതോടെ രാഹുൽ രാഞ്ചി കോടതിയിലും നേരിട്ട് ഹാജരാകുമെന്ന് ഉറപ്പായി.
മോദി അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുണ്ട്. കഴിഞ്ഞ ദിവസം സമാനമായ കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും രാഹുൽ തിരിച്ചടി നേരിട്ടിരുന്നു. കേസിൽ രാഹുലിന് ഗുജറാത്ത് കോടതിയും ഇടക്കാല സംരക്ഷണം അനുവദിച്ചില്ല. പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുമ്പോൾ രാഹുൽ ഗാന്ധി തന്‍റെ സ്ഥാനം മറക്കരുതായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ പരാമര്‍ശം. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്ക് ശേഷം വിധി പറയാൻ മാറ്റുകയും ചെയ്തു.