ആംബുലൻസ്‌ മരത്തിലിടിച്ച് മറിഞ്ഞ്‌ രോഗിയുൾപ്പടെ മൂന്ന് പേർ മരിച്ചു

തൃശ്ശൂർ: കുന്നംകുളത്ത് രോഗിയുമായി പോയ ആംബുലൻസ്‌ മരത്തിലിടിച്ച് മറിഞ്ഞ്‌ രോഗിയുൾപ്പടെ മൂന്ന് പേർ മരിച്ചു. മൂന്ന്‌ പേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരത്തംകോട് സ്വദേശിയായ ഫെമിന, മാട്ടുമ്മൽ സ്വദേശികളായ ആബിദ് ഭാര്യ റഹ്മത്ത് എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ കുന്നംകുളം വടക്കാഞ്ചേരി റോഡിലെ പന്തല്ലൂരിലായിരുന്നു വാഹനാപകടം.

ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്ന അൽ അമീൻ ആംബുലൻസാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ഫെമിനയുൾപ്പടെ മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ച റഹ്മത്ത്‌, ആബിദ്‌ എന്നിവർ ദമ്പതികളാണ്. ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, ഫെമിനയുടെ മകൻ ഫാരിസ്, ബന്ധു സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്.

കനത്ത മഴയിൽ വേഗത്തിൽ എത്തിയ ആംബുലൻസിന്‍റെ നിയന്ത്രണം തെറ്റിയാകാം അപകടമെന്നാണ് നിഗമനം. അപകടം നടന്ന ശേഷം ആറ് പേരും വാഹനത്തിൽ നിന്ന് തെറിച്ച് റോഡിൽ വീണ് കിടക്കുകയായിന്നു. ആംബുലൻസിന്‍റെ പലഭാഗങ്ങളും റോഡിൽ ചിതറിത്തെറിച്ച നിലയിലാും ആയിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറ‍ഞ്ഞു. ആംബുലൻസിന്റെ പിൻഭാഗത്ത് സ്റ്റെപ്പിനി ഉണ്ടായിരുന്ന ഡോർ ഇളകി തെറിച്ച് വൈദ്യുതി കമ്പിയിൽ തട്ടി, തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണവും ഏറെ നേരം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *