നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈയെല്ല് പൊട്ടി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്ത് എത്തുകയുണ്ടായി. ഇക്കഴിഞ്ഞ മാർച്ച് 27 നാണ് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ വെച്ച് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പരാതിയിൽ പറയുന്നത്.

ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് നെയ്യാറ്റിൻകരയിലെ ആശുപത്രി അധികൃതർ പറഞ്ഞത്. അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയിൽ കാണിക്കാൻ പറ‌ഞ്ഞത്. അങ്ങനെ എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടി. കുഞ്ഞിനെ പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാൻ കാരണമായതെന്നാണ് ആശുപത്രിയിൽ നിന്നും പറഞ്ഞത്. നിലവിൽ എല്ല് പൊട്ടൽ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്നം മാറിയില്ല. പ്രസവ സമയത്ത് നെയ്യാറ്റിൻ കരയിലെ പ്രധാന ഡോക്ട‍ര്‍മാരുണ്ടായിരുന്നില്ലെന്നും ജൂനിയർ ഡോക്ടറും നഴ്സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബർ മുറിയിൽ ഉണ്ടായിരുന്നതെന്നും കാവ്യ വിശദീകരിച്ചു. കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നൽകിയിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *