നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

 

കോഴിക്കോട് : കോഴിക്കോട് ഉള്ളിയേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മടവൂർ സ്വദേശി സദാനന്ദൻ, ചെറുമകൻ ധൻജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. ഉച്ചയ്ക്ക് ഒരു മണിയോടെ കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. ബാലുശ്ശേരി ഉള്ളൂരിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു സദാനന്ദനും കുടുംബവും. ഉള്ളിയേരി 19 ൽ വെച്ച് കാർ നിയന്ത്രണം വിട്ട് വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറി. സദാനന്ദന്‍റെ ചെറുമകൻ ഏഴുവയസ്സുകാരൻ ധൻജിത്ത് തൽക്ഷണം മരിച്ചു. മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും സദാനന്ദനും മരിച്ചു.

സദാനന്ദന്‍റെ ഭാര്യ ശ്യാമള, മകൻ സുജിത്, സുജിതിന്‍റെ ഭാര്യ ധന്യ, മകൾ തേജശ്രീ, സദാനന്ദന്‍റെ ചെറുമകൾ നൈനിക എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. നവീകരണം പൂർത്തിയായി വരുന്ന കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാനപാതയിൽ വാഹനാപകടങ്ങൾ കൂടിവരിയാണെന്ന് നാട്ടുകാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *