പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച പ്രതി പിടിയിൽ

വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് പട്ടാപ്പകൽ നടുറോഡിൽ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പ്രതി പോലീസ് പിടിയിൽ. വെട്ടൂര്‍ സ്വദേശിനിയായ 16 വയസുകാരിയെ മര്‍ദിച്ച കേസിൽ 22 വയസുള്ള കൃഷ്ണരാജാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കിൻഫ്ര ജീവനക്കാരനാണ് പ്രതി. അ‌ഞ്ചുമാസം മുമ്പ് ഇയാള്‍ പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്യൂട്ടോറിയലിൽ പത്താംക്ലാസ് പഠനത്തിനായി ബസ്സിൽ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കൃഷ്ണരാജ് മര്‍ദ്ദിച്ചത്. ബസ്സിനുള്ളിൽ വച്ച് ശല്യം ചെയ്തായിരുന്നു തുടക്കം. വെട്ടൂര്‍ ജങ്ഷനിൽ ഇറങ്ങിയ പെൺകുട്ടിയെ തടഞ്ഞു നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. അസഭ്യം പറഞ്ഞ് മുടിയിൽ കുത്തിപ്പിടിച്ച് പെൺകുട്ടിയുടെ മുഖത്തടിച്ചെന്നാണ് കേസ്.

പെൺകുട്ടിയെ കൃഷ്ണരാജ് നിരന്തരം പ്രതി ശല്യം ചെയ്തിരുന്നതായി പൊലീസ് വിശദമാക്കി. പോക്സോ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കിൻഫ്ര ജീവനക്കാരനായ പ്രതി വാദ്യകലാകാരൻ കൂടിയാണ്. ഒളിവിൽ പോയ പ്രതിയെ വര്‍ക്കല പൊലീസാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ കൃഷ്ണരാജിനെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *