നാല് കുട്ടികളെ ആശുപത്രിക്ക് മുന്നിലുപേക്ഷിച്ച് അമ്മ കാമുകനൊപ്പം മുങ്ങി

ഇന്‍ഡോര്‍: നാല് കുട്ടികളെ ആശുപത്രിക്ക് മുന്നിലുപേക്ഷിച്ച് അമ്മ കാമുകനൊപ്പം മുങ്ങി. മധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. രണ്ട് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള നാല് കുട്ടികളെയാണ് ഇവര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ചത്. ഞായറാഴ്ച രാത്രിയാണ് ആശുപത്രിക്ക് മുന്നില്‍ കരയുന്ന കുട്ടികളെ ആളുകള്‍ ശ്രദ്ധിക്കുന്നത്. മഹാരാജാ യശ്വന്ത്റാവോ ആശുപത്രിക്ക് മുന്നിലായിരുന്നു കുട്ടികളെ നിര്‍ത്തി കാമുകനൊപ്പം യുവതി മുങ്ങിയത്.

രണ്ടും നാലും വയസുള്ള ആണ്‍കുട്ടികളും ആറും എട്ടും വയസുള്ള പെണ്‍കുട്ടികളേയുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാര്‍വാനി ജില്ല സ്വദേശികളാണ് കുട്ടികളെന്നാണ് വിവരം. ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ ശേഷമായിരുന്നു കുട്ടികളെ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട് ഇവരുടെ അമ്മ കടന്നുകളഞ്ഞതെന്നാണ് വിവരം. സര്‍ക്കാര്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് നിലവില്‍ കുട്ടികളുള്ളത്. കുട്ടികളെ ഉപേക്ഷിക്കുന്ന സമയത്ത് അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നത് കാമുകനെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

ഇവരുടെ പിതാവ് അശോക് നഗര്‍ ജില്ലയിലാണ് താമസമെന്നാണ് സൂചന ലഭിച്ചതായി ശിശുക്ഷേമ സമിതി ചെയര്‍ പേഴ്സണ്‍ പല്ലവി മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടികളെ സംരക്ഷിക്കാന്‍ തയ്യാറാകാതെ ഉപേക്ഷിച്ച അമ്മയ്ക്കെതിരെ നിയമ പരമായ നടപടിയെടുക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *