അരിക്കൊമ്പനെ മയക്കുവെടി വച്ച് മാറ്റി പാര്‍പ്പിച്ചതിന് പിന്നാലെ ചക്കകൊമ്പൻ

ചിന്നക്കനാല്‍: അരിക്കൊമ്പനെ മയക്കുവെടി വച്ച് മാറ്റി പാര്‍പ്പിച്ചതിന് പിന്നാലെ അരിക്കൊമ്പന്‍റെ സാമ്രാജ്യത്തിലെ രാജാവായി ചക്കക്കൊമ്പന്‍. നേരത്തെ അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമൻറു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും ഇന്നലെ വൈകിട്ടും ചക്കക്കൊമ്പനെ കണ്ടെത്തുകയുണ്ടായി.

301 കോളനി ഭാഗത്തു നിന്നുമെത്തിയപ്പോൾ വഴിയരികിൽ ചക്കക്കൊമ്പനെയാണ് ആദ്യം കണ്ടത്. കാട്ടാനക്കൂട്ടവും അടുത്തുണ്ടെന്ന് വഴിയാത്രക്കാരും പറയുന്നു. അൽപ്പനേരം കഴിഞ്ഞപ്പോൾ ഒരു പിടിയാനയും രണ്ടു കുട്ടിയാനകളും ചക്കക്കൊമ്പൻറെ അടുത്തേക്കെത്തി. എല്ലാവരും ചേർന്ന് ഇളംപുല്ലു പറിച്ചു തിന്നു കൊണ്ടിരുന്നു. ഇടക്ക് ശബ്ദം കേൾക്കുമ്പോൾ റോഡിലേക്ക് നോക്കിയും മണം പിടിച്ചും ഒപ്പമുണ്ടായിരുന്നവർക്ക് സംരക്ഷണം നൽകിയും ചക്കക്കൊമ്പന്‍ അരിക്കൊമ്പന്‍റെ തട്ടകത്തില്‍ സജീവമാവുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചയാണ് ചക്കക്കൊമ്പന്‍ ചിന്നക്കനാല്‍ സ്വദേശിയായ കാജന്‍റെ വീട് അടിച്ച് തകര്‍ത്തത്. ചക്ക സീസണിൽ പ്ലാവുകളിൽ നിന്നും ചക്ക പറിച്ചു തിന്നുന്നതിനാലണ് ആനക്ക് ഈ പേരു വീണത്.

കഴിഞ്ഞ നാലു ദിവസമായി ഈ കാട്ടാനക്കൂട്ടം ഇവിടെത്തന്നെയുണ്ട്. ദൗത്യത്തിനു രണ്ടു ദിവസം മുമ്പാണ് മദപ്പാടിലായ ചക്കക്കൊമ്പൻ ഈ കൂട്ടത്തിനൊപ്പമെത്തിയത്. അരിക്കൊമ്പനെ മയക്കു വെടിവച്ച ദിവസവും ഇവനിവിടുണ്ടായിരുന്നു. തിങ്കളാഴ്ച ഇവരൊന്നാകെയെത്തി ചിന്നക്കനാൽ വിലക്കിൽ ഒരു ഷെഡ്ഡ് തകർക്കുകയും ചെയ്തിരുന്നു. ഒന്നര മാസത്തോളം മദപ്പാടുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മദപ്പാടിനു ശേഷമായിരിക്കും ചക്കക്കൊമ്പൻ കൂട്ടത്തിൽ നിന്നും വേർപിരിയുക. അതേസമയം കാട്ടാനക്കൂട്ടം ഈ മേഖലയിൽ തന്നെ ചുറ്റിത്തിരിയുന്നത് നാട്ടുകാരെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *