വിമാന ടിക്കറ്റെടുക്കാന്‍ പണം നല്‍കി തട്ടിപ്പിനിരയായി, ട്രാവല്‍ ഏജന്‍സിയില്‍ പെട്രോളുമായെത്തി ഉപഭോക്താക്കള്‍

 

ഇടുക്കി: വിമാന ടിക്കറ്റെടുക്കാന്‍ പണം നല്‍കി തട്ടിപ്പിനിരയായവര്‍ കട്ടപ്പനയിലെ ട്രാവല്‍ ഏജന്‍സിയില്‍ പെട്രോള്‍ കുപ്പികളുമായി എത്തിയത് ഭീതി പരത്തുകയുണ്ടായി. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്‌കൈലിങ്ക് ട്രാവല്‍സിലാണ് ഉപഭോക്താക്കളായ യുവാക്കള്‍ പെട്രോള്‍ നിറച്ച കുപ്പികളുമായെത്തിയത്.

സ്ഥാപന ഉടമയായ പള്ളിക്കവല ഫോര്‍ത്തുനാത്തൂസ് നഗറില്‍ കാഞ്ഞിരന്താനം സാബു ജോസഫ് (45)ന്റെ സ്ഥാപനത്തില്‍ എത്തിയ ഉപഭോക്താക്കള്‍ ട്രാവല്‍ ഏജന്‍സിയില്‍ പെട്രോളുമായി പ്രവേശിക്കുകയും ഏജന്‍സി അകത്ത് നിന്നും ഷട്ടറിട്ട് പൂട്ടുകയും ചെയ്യുകയായിരുന്നു. ഉടമയുമായി വാക്കേറ്റമുണ്ടായതോടെ കട്ടപ്പന പൊലീസെത്തി ഷട്ടര്‍ തുറപ്പിച്ച് ഇവരെ പുറത്തിറക്കുകയായിരുന്നു. പണം തിരിച്ചു നല്‍കാമെന്ന സ്ഥാപനയുടമ ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ പിരിഞ്ഞ് പോകുവാന്‍ തയ്യാറായത്.

സ്‌കൈലിങ്ക് ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച പ്രതിഷേധവുമായി ഉപഭോക്താക്കള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജര്‍മനിയ്ക്ക് ടിക്കറ്റെടുത്ത യുവതി യാത്ര മുടങ്ങിയതോടെ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ തട്ടിപ്പിനിരയായവര്‍ സ്ഥാപന ഉടമക്കെതിരെ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *