മറയൂർ: പാളപ്പെട്ടി വനവാസി കുടിയിൽ വരയാട് ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. കാന്തല്ലൂർ പാളപ്പെട്ടി വനവാസി കുടിയിലെ രാജേശ്വരി(22), മാരിയമ്മ (80), രത്‌ന(55) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പാളപ്പെട്ടിയിലെ ആടുകൾക്ക് ഒപ്പം മേഞ്ഞ് നടക്കുന്ന വരയാടാണ് ആദ്യം അപ്രതീക്ഷിതമായി രാജേശ്വരിയെ കുത്തി പരിക്കേൽപ്പിച്ചത് ഈ സമയത്ത് വനത്തിനുള്ളിൽ കിഴങ്ങ് പറിക്കാൻ എത്തിയ ലീല കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ രാജേശ്വരി ഗുരുതര പരിക്കുകളുമായി പാറയിൽ കിടക്കുന്നതാണ് കാണുന്നത്. പിന്നീട് വനത്തിലൂടെ ഒരു കിലോമീറ്റർ അകലെയുള്ള കുടിയിൽ എത്തിച്ചു.
ഇതിനിടയിലാണ് ആടുകളെ മേച്ചിരുന്ന മാരിയമ്മയ്ക്കും രത്‌നയ്ക്കും വരയാടുകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. മൂന്നപേരെയും അഞ്ച് കിലോമീറ്റർ വനത്തിലൂടെ ചുമന്ന് എത്തിച്ച് പിന്നീട് വാഹനത്തിൽ കയറ്റി മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേശ്വരിയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. രത്‌നയും മാരിയമ്മയും മറയൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.