ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് മെയ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ 20,073 വീടുകളുടെ താക്കോൽ കൈമാറും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിവസത്തെ കർമപദ്ധതിയുടെ ഭാഗമായാണ് വീടുകൾ പൂർത്തീകരിച്ചത്. കൂടാതെ, മിഷന്റെ 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പിടും.
കൊല്ലത്താണ് പരിപാടി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. സാമ്ബത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വീടില്ലാത്ത എല്ലാവർക്കും വീട് നൽകാൻ സർക്കാർ അതിവേഗം മുന്നോട്ടുപോകുകയാണെന്നും രാജേഷ് പറഞ്ഞു. ഇത്രയും വിപുലമായ ഭവന പദ്ധതി ലോകത്ത് വേറെയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ലൈഫ് മിഷൻ ഇതുവരെ 3,42,156 വീടുകൾ പൂർത്തിയാക്കിയതായി സർക്കാർ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ 1,06,000 വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് 31 വരെ 54,648 വീടുകൾ പൂർത്തീകരിച്ചു, 67,000-ത്തിലധികം വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.