ഇടുക്കി: ചിന്നക്കനലിൽ നിന്നും മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ തുറന്നുവിട്ട അരിക്കൊമ്പൻ എന്ന കാട്ടന തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണ്. തുറന്നുവിട്ട സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അപ്പുറം തമിഴ്നാട് വന മേഖല വരെ കൊമ്പൻ സഞ്ചരിക്കുകയുണ്ടായി. ഇതിനിടെ ദൗത്യത്തിനെത്തിച്ച കുങ്കിയാനകളിൽ രണ്ടെണ്ണം വയനാട്ടിലേക്ക് മടങ്ങി.
പുലർച്ചെ ലഭിച്ച സിഗ്നൽ അനുസരിച്ച് അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിലായിരുന്നു. ഇവിടെ നിന്നും തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് സഞ്ചരിക്കുന്നതായും സിഗ്നലിൽ സൂചനയുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലും കൊടും വനത്തിനുള്ളിലായതിനാലും സിഗ്നലുകൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. അതിനാൽ വനംവകുപ്പിൻ്റെ മൂന്ന് സംഘങ്ങൾ അതിർത്തിയിലെ വനമേഖലയിൽ അരിക്കൊമ്പനായി നിരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ നേരിട്ട് കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മയക്കുവെടിയേറ്റതിൻ്റെയും ലോറിയിൽ സഞ്ചരിച്ചതിൻ്റെയും ക്ഷീണമുള്ളതിനാൽ അധികദൂരം സഞ്ചരിക്കാനിടയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.