കായംകുളം: തുണി ഇറക്കുമതി ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടിൽ വീട്ടിൽ നിന്നും തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ അനസിന്റെ ഭാര്യ സജന സലീമിനെ (41) യാണ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയായ അനസ് വിദേശത്താണ്. ഇവർ പിടിയിലായതറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലാഭ വിഹിതം വാഗ്ദാനം നൽകി കീരിക്കാട് സ്വദേശിയുടെ രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് ഒന്നാം പ്രതിയായ ഇവർ അറസ്റ്റിലായത്. ബൽഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതിയുടെ മൊത്ത കച്ചവടക്കാരിയെന്ന നിലയിലാണ് കീരിക്കാട് സ്വദേശിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. വിശ്വാസം നേടിയ ശേഷം ലാഭ വിഹിതം ഉറപ്പ് നൽകി കച്ചവടത്തിൽ പങ്കാളിയാക്കുകയായിരുന്നു.
തുടക്കസമയത്ത് കൃത്യമായി ലാഭ വിഹിതം നൽകി വിശ്വാസം നേടിയ ശേഷം കൂടുതൽ തുക വാങ്ങുകയായിരുന്നു. ഇവർക്കെതിരെ കായംകുളം, ചങ്ങനാശ്ശേരി കോടതികളിൽ ചെക്ക് കേസുകളും നിലവിലുണ്ട്.