പെൺസുഹൃത്തിനെ ചൊല്ലി തർക്കം,ശേഷം കൊലപാതകം; പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

ദില്ലി: ഒരാളെ കൊലപ്പെടുത്തുകയും നാലുപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രായപൂർത്തി‌യാകാത്ത രണ്ട് പേരടക്കം മൂന്നു പേരെ പൊലീസ് പിടികൂടി. തെക്കുകിഴക്കൻ ദില്ലി‌യിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു പെൺകുട്ടിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജാമിയ ന​ഗർ സ്വദേശിയായ തബീഷ് ആണ് പിടിയിലാ‌യ മൂന്നാമത്തെ‌യാൾ. 22 വയസ്സുകാരനായ തബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിന്റെ പിടിയിലായ 16കാരന്റെ മുൻ പെൺസുഹൃത്തിനെച്ചൊല്ലി‌യുള്ള വിഷയമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 16കാരനുമായി പിരിഞ്ഞ പെൺകുട്ടി പിന്നീട് അദീബ് എന്നയാളുമായി പ്രണയത്തിലാ‌യി. എന്നാൽ, ഈ പയ്യൻ അദീബിനെ ഇതേച്ചൊല്ലി ഭീഷണിപ്പെടുത്തി. ഇക്കാര്യം ഒത്തുതീർപ്പാക്കാനായി അദീബ് സുഹൃത്തുക്കളാ‌യ അഫ്സൽ, മുഹമ്മദ് ഷാൻ, ശ്യാം, സഫർ എന്നിവരുമായി അവനെ കാണാൻ പോയി. അവിടെ അവനൊപ്പം തബീഷും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു.

 

ഇരുകൂട്ടരും തമ്മിൽ വാക്തർക്കമുണ്ടാകുകയും പ്രകോപിതനായ തബീഷ് കത്തിയെടുത്ത് അ​ദീബിനെയും സുഹൃത്തുക്കളെ‌യും കുത്തുകയുമായിരുന്നു. എല്ലാവരുടെയും പരിക്ക് ​ഗുരുതരമായിരുന്നു. ആശുപത്രി‌യിലെത്തിച്ചെങ്കിലും ശ്യാമിന്റെ ജീവൻ രക്ഷിക്കാനായില്ല. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിലിൽ ഉത്തർപ്രദേശിൽ നിന്ന് തബീഷിനെയും പ്രായപൂർത്തി‌യാകാത്ത പ്രതികളെ‌യും പിടികൂടിയത്. കൃത്യം നടത്താനുപ‌യോ​ഗിച്ച കത്തി‌യും കണ്ടെടുത്തതാ‌യി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *