പട്ന: ആറ് മാസം മുമ്പ് മരിച്ചെന്ന് പൊലീസ് റിപ്പോർട്ട് ചെയ്ത യുവാവ് മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡിജിപിക്കും കത്തെഴുതി. ബിഹാറിലാണ് സംഭവം നടക്കുന്നത്. ഭാര്യയോടൊപ്പം ഉത്തർപ്രദേശിൽ സുഖമായി ജീവിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് കത്തെഴുതിയത്. ദിയോറിയ ഗ്രാമത്തിൽ നിന്ന് ആറുമാസം മുമ്പാണ് സോനുകുമാർ ശ്രീവാസ്തവ എന്ന 30കാരനെ കാണാതാകുന്നത്. പട്നയിലേക്ക് സാധനങ്ങൾ വാങ്ങാൻ 50000 രൂപയുമായി പോയ സോനു തിരികെയെത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ദിയോറിയ പ്രദേശത്ത് നിന്ന് ഒരാളുടെ മൃതദേഹം ലഭിക്കുകയുണ്ടായി.
സോനുകുമാറിന്റെ അച്ഛനും കുടുംബവും മൃതദേഹം തിരിച്ചറിയുകയും തട്ടിക്കൊണ്ട് പോകൽ, കൊലപാതകം വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ആരെയും പിടികൂടാനായില്ല.
എന്നാൽ ആറുമാസം കഴിഞ്ഞപ്പോഴാണ് ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിച്ച് യുവാവ് കത്തെഴുതിയത്. സമീപ ഗ്രാമത്തിലെ പെൺകുട്ടിയുമായി താൻ ഒളിച്ചോടുകയായിരുന്നുവെന്നും വിവാഹിതരായി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ താമസിക്കുന്നുണ്ടെന്നും യുവാവ് കത്തിൽ വ്യക്തമാക്കി. വിവാഹിതരായതിന്റെ രേഖയും ഇയാൾ കത്തിനോടൊപ്പം ചേർത്തിരുന്നു. തന്നെ കാണാതായെന്ന പരാതി പിൻവലിക്കണമെന്നും യുവാവ് കത്തിൽ ആവശ്യപ്പെട്ടു. യുവാവ് ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബത്തെ അറിയിച്ചെന്ന് പൊലീസ് അറിയിച്ചു.