സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം; പ്രതികൾ റിമാൻഡിൽ

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അറസ്റ്റിലായ ബിജെപി-ആർഎസ്എസ് നേതാക്കളായ രണ്ട് പേരും റിമാൻഡിൽ. തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭ സഭ കൗണ്‍സിലറുമായ വി.ജി.ഗിരി കുമാർ, ആശ്രമം കത്തിച്ച സംഘത്തിലുണ്ടായിരുന്ന ആർഎസ്എസ് പ്രവർത്തകൻ ശബരി എന്നിവരെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളുടെ ജാമ്യ ഹർജി നാളെ പരിഗണിക്കും. ആശ്രമം കത്തിക്കാനുള്ള ഗൂഡാലോചനയിൽ ബിജെപി നേതാവായ ഗിരിക്ക് മുഖ്യപങ്കുണ്ടെന്നാണ് ക്രൈം ബ്രാ‌‌ഞ്ചിന്റെ കണ്ടെത്തൽ. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിൽ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണ്ണായക നടപടിയുണ്ടായിരിക്കുന്നത്.

ജില്ലയിലെ പ്രമുഖ ആര്‍എസ്എസ് നേതാവും ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭ സഭ കൗണ്‍സിലറുമായ വി ജി.ഗിരി കുമാറാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. ബൈക്കിലെത്തിയ രണ്ട് പേര്‍ ആശ്രമം തീയിട്ടെന്നും അതിലൊന്ന് ഇന്ന് അറസ്റ്റിലായ ശബരിയാണെന്നും ക്രൈം ബ്രാ‍ഞ്ച് പറയുന്നു. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശ്രമം തീവയ്ക്കുന്നതിന് മുമ്പും ശേഷവും പ്രതികള്‍ ഗിരി കുമാറിനെ നിരന്തരം ബന്ധപ്പെട്ടതിന് തെളിവുണ്ട്.

ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന ആശ്രമം കത്തിച്ചെന്ന് ആത്മഹത്യ ചെയ്യും മുൻപ് സഹോദരനോട് പ്രകാശ് പറഞ്ഞിരുന്നു. ഈ വിവരം പിന്തുർന്നാണ് അഞ്ചു വർഷം തെളിയപ്പെടാതെ കിടന്ന കേസിൽ ക്രൈം ബ്രാഞ്ച് പ്രതികളിലേക്ക് എത്തിയത്. ആത്മഹത്യ പ്രേരണ കേസിൽ അഞ്ച് പേരുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തി. ഇതിൽ പ്രതിയായ കൃഷ്ണകുമാറാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ വച്ച റീത്ത് വാങ്ങി നൽകിയതെന്ന് തിരിച്ചറിഞ്ഞതിൽ പിന്നെ ക്രൈംബ്രാഞ്ചിന് കാര്യങ്ങൾ എളുപ്പമായി. കോടിയേരി ബലാകൃഷ്ണന്റെ വീട് ആക്രമിച്ചത് ഉള്‍പ്പെടെ 10 കേസിൽ പ്രതിയാണ് ശബരി. അറസ്റ്റുകള്‍ രാഷ്ട്രീയപ്രേതമെന്നാരോപിച്ച ബിജെപി പ്രതിഷേധ മാർച്ച് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *