കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മൂന്ന് സ്ത്രീകൾ ഉൾപ്പടെ എട്ട് പേർക്ക് പരിക്കേറ്റു. കൊളംബോ ഹാർബറിന്റെ ഗേറ്റ് 06 ന് സമീപമാണ് സംഭവം നടന്നത്. പരിക്കേറ്റ എട്ടുപേരെയും കൊളംബോ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയേറ്റവരിൽ നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.
എക്സ്പ്രസ് വേയുടെ റോഡ് നിർമാണസ്ഥലത്തുണ്ടായിരുന്ന സുരക്ഷാജീവനക്കാരനാണ് വെടിയുതിർത്തത്. റോഡ് നിർമാണം നടന്ന സ്ഥലത്ത് നിന്നും ഇരുമ്പ് മോഷ്ടിക്കാനെത്തിയ രണ്ടുപേരെ ബ്ലുമെൻഡൽ സ്ട്രീറ്റിൽ ഒരു സംഘമാളുകൾ തടയുകയും ഇതിനിടെ മറ്റൊരു സുരക്ഷാജീവനക്കാരന്റെ പക്കൽ നിന്നും തോക്ക് പിടിച്ചെടുക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേർക്ക് ഇയാൾ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ ഫോർഷോർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.