സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; വൈകാരിക കുറിപ്പുമായി സഹോദരനായ ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസ്

കോട്ടയം: കോതനല്ലൂർ സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈകാരിക കുറിപ്പുമായി സഹോദരീ ഭർത്താവായ ആശിഷ് ദാസ് ഐഎഎസ് രംഗത്ത്. സൈബർ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടേതെന്ന് ആശിഷ് ദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. മരിച്ച സഹോദരിയുടെ ചിത്രം പങ്കുവെച്ചുള്ള പോസ്റ്റിൽ കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകുമെന്നും ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് പറയുന്നു. മണിപ്പൂരിൽ സബ് കളക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദാസ്, കേരളാ ഫയർ ഫോഴ്സിൽ ഫയർമാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി ദേശീയ ശ്രദ്ധ നേടിയ വ്യക്തിയാണ്.

 

കോതനല്ലൂർ സ്വദേശി ആതിരയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ മുൻ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ആറരയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ആതിരയെ കണ്ടെത്തിയത്. 26 വയസായിരുന്നു പ്രായം. ഞീഴൂർ സ്വദേശിയായ അരുൺ വിദ്യാധരൻ എന്ന യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളും ആതിരയും മുമ്പ് സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും അകന്നു. ഇതോടെയാണ് ആതിരയ്ക്കെതിരെ അരുൺ ഫെയ്സ്ബുക്കിൽ മോശം കുറിപ്പുകൾ ഇട്ടത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. വ്യക്തിഹത്യ നടത്തുന്നതിനെതിരെ ആതിര ഇന്നലെ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആതിരയുടെ സഹോദരീ ഭർത്താവായ ആശിഷ് ദാസ് കൊല്ലം സ്വദേശിയാണ്. ആശിഷിനെതിരെയും അരുൺ വിദ്യാധരൻ ഫെയ്സ്ബുക്കിൽ മോശം കുറിപ്പുകൾ ഇട്ടിരുന്നു.

ആതിരയുടെ പരാതി കിട്ടിയതിന് പിന്നാലെ തന്നെ അരുണിനെതിരെ അന്വേഷണം തുടങ്ങിയിരുന്നെന്ന് പൊലീസ് അറിയിച്ചു. വൈക്കം എ എസ് പി തന്നെ ഇന്നലെ ആതിരയോട് നേരിട്ട് സംസാരിച്ചിന്നുവെന്ന് പൊലീസ് വിശദീകരിച്ചു. ഒളിവിൽ പോയ അരുണിനായി അന്വേഷണം തുടങ്ങി. ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *