ചാരിറ്റബിൾ ട്രസ്റ്റിൻറെ പേരിൽ മുറി വാടകക്കെടുത്ത് ചീട്ടുകളി

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് സ്പോർട്സ് ക്ലബ്ബ് ആൻറ് ചാരിറ്റബിൾ ട്രസ്റ്റിൻറെ പേരിൽ മുറി വാടകക്കെടുത്ത് ചീട്ടുകളി. പീരുമേട് പൊലീസ് നടത്തിയ റെയ്ഡിൽ പതിനേഴ് പേരടങ്ങിയ വൻചീട്ടുകളി സംഘം അറസ്റ്റിലായി. ഇടുക്കിയിലെ കുട്ടിക്കാനം കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി വൻ ചീട്ടുകളി സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയുണ്ടായി. കുട്ടിക്കാനം ടൗണിൽ മുറി വാടകക്കെടുത്ത് ജനറസ് ഹാർട്സ് സ്പോർട്സ് ക്ലബ്ബ് ആൻറ് ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ ക്ലബ്ബ് രൂപീകരിച്ചായിരുന്നു പ്രവർത്തനം നടന്നിരുന്നത്.

അന്വേഷണം നടത്തിയ ശേഷം ക്ലബ് അധികൃതർക്ക് പൊലീസ് നോട്ടീസ് നൽകി. കത്ത് ലഭിച്ച ഉടൻ ട്രസ്റ്റ് പണം വച്ചുള്ള ചീട്ടുകളി പോലുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് അധികൃതർ മറുപടിയും നൽകിയിരുന്നു. എന്നാൽ പോലീസ് ക്ലബ്ബിൻറെ പ്രവർത്തനം പൊലീസ് രഹസ്യമായി നീരീക്ഷിക്കുകയായിരുന്നു. പണം വച്ച് ചീട്ടുകളി നടക്കുന്നത് ഉറപ്പാക്കിയ ശേഷം റെയ്ഡ് നടത്തി. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ 17 പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്നും ചീട്ടുകളിക്ക് വച്ചിരുന്ന 49,000 രൂപയും പിടിച്ചെടുത്തു. 13 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.

 

തൊടുപുഴ സ്വദേശിയായ പ്രസാദ് ജോയ് എന്നയാളാണ് ചീട്ടുകളി കേന്ദ്രം നടത്തിയിരുന്നത്. ഇയാളുടെ ഗൂഗിൾ പേ നമ്പരിലേക്കാണ് ചീട്ടുകളിക്കുള്ള പണം അയച്ചിരുന്നത്. ഞായറാഴ്ച മാത്രം അൻപതിനായിരം രൂപയോളം പ്രസാദിൻറെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചു. ക്ലബ്ബിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും ചീട്ടുകളിയുടെ കണക്ക് രേഖപ്പെടുത്തിയ ബുക്കും പിടിച്ചെടുത്തു. പിടിയിലായവരെ ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *