വീട്ടുമുറ്റത്തു കിടന്നുറങ്ങിയ 65കാരനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെ കണ്ടെത്താനാവാതെ പോലീസ്

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ വെട്ടിക്കൊന്ന പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്. ഗ്രാമപ്രദേശമായതിനാൽ ആ മേഖലയിലെങ്ങും സിസിടിവി ക്യാമറകളില്ലാത്തതും പൊലീസിനെ കുഴപ്പിക്കുകയാണ്.

വെല്ലൂരിന് സമീപമുള്ള കാഡ്പാഡിയിലെ ലത്തേരിയിലാണ് കൊലപാതകം. 65കാരൻ ശെൽവത്തിന്‍റെ കൊലപാതക വാർത്തയുടെ ഞെട്ടലിൽനിന്ന് ഈ ഗ്രാമം. രാത്രിയിൽ വീടിന്‍റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ശെൽവത്തെ അജ്ഞാത സംഘം വെട്ടിക്കൊന്നത് രണ്ട് ദിവസം മുമ്പാണ്. തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിരുന്നു. രാത്രി മദ്യപിച്ച്എത്തിയതിനാലാണ് ശെൽവത്തെ മകൾ വീടിനുള്ളിൽ കയറ്റാതിരുന്നത്. രാവിലെ വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

ലത്തേരി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും പൊലീസിനില്ല. മരിച്ച ശെൽവവും അയൽക്കാരായ ചിലരും തമ്മിൽ കൃഷിഭൂമിയിലെ ജലവിതരണം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസിന് സംശയമുണ്ട്. ശെൽവവുമായി ശത്രുതയുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കളിൽനിന്ന് തേടിയിരുന്നു. ഇതനുസരിച്ച് ചിലരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതി അന്വേഷണത്തിലില്ല. ക്വട്ടേഷൻ സംഘമാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു. ഗ്രാമ പ്രദേശമായതിനാൽ ഈ മേഖലയിൽ സിസിടിവി ക്യാമറക‌ൾ ഒട്ടും തന്നെയില്ല. ഇതും അന്വേഷണത്തെ കുഴപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *