ദില്ലി: ബൈക്കിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ നാലംഗ സംഘത്തിലെ 19കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം നടന്നിരിക്കുന്നത്. 3500 രൂപ പിഴയും ഇയാളിൽ നിന്ന് ഈടാക്കി.
നാലംഗ സംഘം അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ്. നാല് യുവാക്കളിൽ മൂന്ന് പേർ സീറ്റിലും ഒരാൾ മഡ് ഗാർഡിലുമിരുന്നാണ് അഭ്യാസം. ഗ്വാളിയോറിലെ തിരക്കേറിയ റോഡിലൂടെ അമിത വേഗത്തിലാണ് യാത്ര. ദൃശ്യങ്ങൾ ഇവരുടെ സുഹൃത്തുക്കൾ തന്നെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലിട്ടു. ഒരുപാട് ലൈക്കും ഷെയറുമൊക്കെ കിട്ടി. സംഭവം ഗ്വാളിയോർ പൊലീസിന്‍റെ ശ്രദ്ധയിലും പെട്ടു.
അതിസാഹസികത നടത്തിയ യുവാക്കളെ പിടികൂടാൻ ശ്രമം തുടങ്ങി. ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കി. ഉടമയുടെ വിലാസം എടുത്തു. അന്വേഷിച്ചെത്തിയ പൊലീസ്, ബൈക്കോടിച്ച 19കാരനെ കസ്റ്റഡിയിലുമെടുത്തു. ബൈക്കും പിടിച്ചെടുത്തു. നമ്പർ പ്ലേറ്റിൽ തന്നെ നിയമലംഘനം ഏറെയാണ്. സാഹസിക യാത്രയിൽ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെക്കൂടി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.