മൻ കി ബാത്തിനെ ചൊല്ലി തർക്കം; ബിജെപി സംസ്ഥാന നേതാവും ജില്ലാ നേതാവും തമ്മിൽ ഏറ്റുമുട്ടൽ

തിരുപ്പൂർ: തമിഴ്‌നാട്ടിലെ ധാരാപുരത്ത് ബിജെപി സംസ്ഥാന നേതാവും ജില്ലാ നേതാവും റോഡിൽ ഏറ്റുമുട്ടിയെന്ന് വിവരം. ഇരുവരുടെയും അനുയായികളും പരസ്പരം ഏറ്റുമുട്ടുകയുണ്ടായി. ഹിന്ദു മക്കൾ കച്ചി (എച്ച്എംകെ) പാർട്ടി അംഗങ്ങളും ഏറ്റുമുട്ടലിൽ പങ്കുചേർന്നു. സംഭവത്തിൽ രണ്ട് ഹിന്ദു മക്കൾ കച്ചി നേതാക്കൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി തിരുപ്പൂർ സൗത്ത് ജില്ലാ കാര്യവാഹക് മംഗലം രവി, പാർട്ടി സംസ്ഥാന ഭാരവാഹി കൊങ്കു രമേശ് എന്നിവരാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടത്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് കൊങ്കു രമേശിന്റെ കടയിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് രാത്രി എട്ട് മണിയോടെ മംഗലം രവിയും കൂട്ടാളികളും കൊങ്കു രമേശിന്റെ കടയിലെത്തി മൻ കി ബാത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്ന് ഇരുവിഭാ​ഗവും തമ്മിൽ റോഡിൽ ഏറ്റുമുട്ടി. സംഭവസ്ഥലത്തുണ്ടായിരുന്ന ഹിന്ദു മക്കൾ പാർട്ടി അംഗങ്ങളും ഒരുവിഭാ​ഗത്തോടൊപ്പം ചേർന്നു. പാർട്ടി ജില്ലാ നേതാവ് ഈശ്വരൻ, സംഘടനാ സെക്രട്ടറി ശങ്കർ എന്നിവരെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.

എതിർകക്ഷിയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് ആരോപിച്ച് ഇരുകൂട്ടരും ഇപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തിന്റെ വീഡിയോകൾ വൈറലായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *