യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസ്; സിഐയെ സ്ഥലം മാറ്റിയത് വിവാദത്തില്‍

 

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തിലെ സിഐയെ സ്ഥലം മാറ്റിയത് വിവാദത്തില്‍. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉള്‍പ്പെടെയുള്ള നടപടികളും പുരോഗമിക്കുന്നതിനിടെ നിലമ്പൂര്‍ സിഐയെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാൻ ആണെന്നാണ് യുഡിഎഫിന്റെ ആരോപണം ഉയർന്നിരിക്കുന്നത്. എടവണ്ണ സ്വദേശി റിദാന്‍ ബാസിത്തിനെ വെടിവെച്ചു കൊന്നകേസില്‍ മുഖ്യപ്രതി എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ മുഹമ്മദ് ഷാനെയും ഇയാള്‍ക്ക് സഹായങ്ങള്‍ നല്‍കിയ മറ്റ് മൂന്ന് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇതിനിടയിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിലമ്പൂര്‍ സിഐ വിഷ്ണുവിന് മങ്കട സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം. പ്രതികളില്‍ ചിലര്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വവുമായി അടുപ്പമുണ്ടെന്നും അതു കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെന്നുമാണ് യുഡിഎഫിന്റെ ആരോപണം.വ്യക്തി വൈരാഗ്യം കൊണ്ടാണ് കൊലപാതകമെന്നാണ് അറസ്റ്റിലായ മുഖ്യപ്രതിയുടെ മൊഴിയെങ്കിലും ലഹരി സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. തെളിവുശേഖരണം ഉള്‍പ്പെടെയുള്ളവ നടക്കുന്ന ഈ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നാണ് യുഡിഎഫ് ആരോപണം.

കൊല്ലപ്പെട്ട റിദാന്‍ ബാസിത്ത് ലഹരിക്കേസില്‍ നേരത്തെ പ്രതിയായിരുന്നു. ഇതില്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കകമായിരുന്നു കൊലപാതകം. യുവാവിന് മൂന്ന് വെടിയേറ്റെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തലയുടെ പിന്‍ഭാഗത്ത് അടിയേറ്റ പാടുകളുമുണ്ട്. ലഹരിമരുന്ന് സംഘങ്ങളെയും സ്വര്‍ണ്ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *