ഹവാന: രൂക്ഷമായ ഇന്ധനക്ഷാമം മൂലം വലയുന്ന ക്യൂബയിൽ ഈ വർഷം മേയ് ദിന തൊഴിലാളി റാലി നടത്തില്ലെന്ന് സർക്കാർ അറിയിച്ചു. തലസ്ഥാനമായ ഹവാനയിലെ റെവല്യൂഷൻ സ്ക്വയറിൽ ലക്ഷക്കണക്കിന് തൊഴിലാളികളെ അണിനിരത്തി നടത്താറുള്ള മേയ് ദിന റാലിയാണ് ഒഴിവാക്കിയത്. രാജ്യത്തിന്റെ വിദൂരപ്രദേശങ്ങളിൽ നിന്ന് പരിപാടിക്കായി ജനങ്ങളെ എത്തിക്കാനുള്ളത്ര ഇന്ധനവും റാലി നടത്താനുള്ള പണവും ഇല്ലാത്തതിനാലാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 1959-ന് ശേഷം ആദ്യമായി ആണ് സാമ്പത്തിക കാരണങ്ങൾ കൊണ്ട് റാലി ഒഴിവാക്കുന്നത്. 2020, 2021 വർഷങ്ങളിൽ കോവിഡ് ലോക്ക്ഡൗൺ മൂലം റാലി ഉപേക്ഷിച്ചിരുന്നു.
സമീപരാജ്യമായ വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ കുറവ് വന്നതും രാജ്യത്തെ ബാധിച്ചിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക റാലി നടന്നില്ലെങ്കിലും സ്വന്തം നിലയിൽ പ്രാദേശികമായി പരിപാടികൾ സംഘടിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കി.