ജലന്ധർ: പഞ്ചാബ് മുൻമുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ നിര്യാണത്തിനു പിന്നാലെ രാഷ്ട്രീയ നിലപാട് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ശിരോമണി അകാലിദൾ നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിക്കാൻ അകാലിദൾ തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണു വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നേതാക്കൾ പ്രകാശ് സിംഗ് ബാദലിന് അന്ത്യാജ്ഞലി അർപ്പിച്ചതിനു പിന്നാലെയാണ് ബിജെപി-എസ്എഡി സഖ്യത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. ശിരോമണി അകാലിദളുമായി സഖ്യത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിംഗ് പുരിയും തള്ളിയിരുന്നു.
അതേസമയം, ഇത്തരം പ്രചാരണങ്ങൾക്കു ചെവികൊടുക്കേണ്ടെന്ന നിലപാടാണ് തങ്ങൾക്കെന്ന് മുതിർന്ന നേതാവ് വിർസ സിംഗ് വാൽതോഹ പറഞ്ഞു.