കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ വിൽപനയ്ക്കെത്തിച്ച കസ്തൂരിയുമായി രണ്ട് പേർ പിടിയിൽ. മഞ്ചേരി സ്വദേശി ഷംസുദ്ദീൻ, മങ്കട സ്വദേശി മുഹമ്മദ് മുനീർ എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡിന്‍റെ പരിശോധന. 42 കസ്തൂരിമാൻ ഗ്രന്ഥികളാണ് പ്രതികളിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിൽ ചേർത്ത് സംരക്ഷിച്ച് വരുന്ന ജീവിയാണ് കസ്തൂരിമാൻ. കസ്തൂരിമാനിനെ വേട്ടയാടി കൊല്ലുന്നത് 3 വർഷം മുതൽ 7 വർഷം വരെ ശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് പറഞ്ഞു.