അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ മുഴുവൻ ലക്ഷദ്വീപ് നിവാസികളെയും അണിനിരത്താനൊരുങ്ങി സേവ് ലക്ഷദ്വീപ് ഫോറം. നിരാഹാര സമരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്രത്തിൽ നിന്നോ അഡ്മിനിസ്ട്രേറ്ററിൽ നിന്നോ അനുകൂല നിലപാട് കിട്ടുമെന്ന പ്രതീക്ഷ സേവ് ലക്ഷദ്വീപ് ഫോറം കൈവിട്ടിരുന്നില്ല. സമര തീയതിയടുത്തിട്ടും അധികൃതർക്ക് അനക്കമൊന്നുമില്ലാത്ത സാഹചര്യത്തിൽ സമരപരിപാടികൾ ശക്തമായി തുടരാനാണ് ഫോറത്തിന്റെ തീരുമാനം.
ദ്വീപിൽ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ മൂലധന താല്പര്യങ്ങളാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി കുറ്റപ്പെടുത്തി. ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റർ ഓഫീസിനുമുന്നിൽ വിവിധ പാർട്ടികളുടെ പ്രതിഷേധ ധർണ്ണകൾ നടന്നു.