രാജ്യത്തെ ഏറ്റവും മോശം ഭാഷ കന്നടയെന്ന് ഗൂഗിള്‍; നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയേതെന്ന ചോദ്യത്തിന് കന്നടയെന്ന് ഉത്തരം നല്‍കി ഗൂഗിൾ സെർച്ച് എഞ്ചിന്‍. വിഷയത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഒരു വെബ്സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിൾ നൽകിയിരുന്നത്. ഇതേതുടർന്ന് ഈ വെബ്സൈറ്റ് ആളുകൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിൾ അധികൃതർക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. ഭാഷകൾക്കെതിരായ ഇത്തരം വിദ്വേഷം നേരത്തെ തന്നെ നിയന്ത്രിക്കാൻ ഗൂഗിളിന് കഴിയില്ലെയെന്നും ഇത്തരം തെറ്റുകൾ ഒരിക്കലും സ്വീകാര്യമല്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷയായി കന്നടയെ ചിത്രീകരിക്കുന്നതിലൂടെ കന്നടിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നതെന്ന് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. ബംഗളൂരു സെൻട്രലിൽനിന്നുള്ള ലോക്സഭാംഗം പി.സി. മോഹന്‍ സംഭവത്തില്‍ ഗൂഗിൾ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.

വ്യാപക വിമർശനം ഉയർന്നതോടെ ഇന്നു വൈകിട്ട് ഗൂഗിൾ വെബ്സൈറ്റില്‍ നിന്നെടുത്ത ഉത്തരം നീക്കം ചെയ്‌തെങ്കിലും ഇതിനോടകം ഗൂഗിള്‍ നല്‍കിയ ഉത്തരത്തിന്‍റെ സ്ക്രീൻഷോർട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് കന്നടിഗർ രംഗത്തുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *