സ്ത്രീക്ക് വിവാഹേതര ബന്ധമുള്ളത് കുട്ടിയെ വിട്ട് കൊടുക്കാതിരിക്കാനുള്ള കാരണമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ സ്വഭാവത്തെ മോശമാക്കി കാണിക്കാൻ ശ്രമിക്കുന്നത് സർവ്വ സാധാരണമാണ്. ഇത്തരം ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമുണ്ടാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
നാലര വയസ് പ്രായമുള്ള പെൺകുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ളതായിരുന്നു പരാതിയെ തുടർന്നാണ് കോടതിയുടെ തീരുമാനം. വിവാഹേതര ബന്ധമുള്ളതുകൊണ്ട് മാത്രം അവരെ നല്ല അമ്മയല്ലെന്ന് വിധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
സ്ത്രീയ്ക്ക് വിവാഹേതര ബന്ധമുണ്ടെങ്കിൽ കൂടിയും അത് കുഞ്ഞിൻറെ അവകാശം സംബന്ധിച്ച കാര്യത്തിൽ ബാധകമാവില്ലെന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ പരാതി ശരിവച്ച കോടതി പെൺകുട്ടിയുടെ കസ്റ്റഡി യുവതിക്ക് നൽകാനും ഉത്തരവിട്ടുകയായിരുന്നു. ഓസ്‌ട്രേലിയ സ്വദേശിയുമായാണ് യുവതി വിവാഹിതയായത്. യുവതിക്ക് ഒരു ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ഇവരിൽ നിന്ന് പിരിഞ്ഞ് താമസിക്കുന്ന ഭർത്താവ് കോടതിയെ അറിയിച്ചത്. ഇയാളുടെ വാദം ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ഹാജരാക്കാൻ യുവാവിന് സാധിച്ചില്ലെന്ന് ജസ്റ്റിസ് അനുപീന്ദർ സിംഗ് ഗ്രേവാൾ വിലയിരുത്തി.