ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണത്തിൽ പ്രതികരിച്ച് സി കെ ജാനു. തന്നെ വ്യക്തിപരമായി തകർക്കാനാണ് ശ്രമമെന്ന് സി കെ ജാനു പറഞ്ഞു. കെ സുരേന്ദ്രനെ മാര്‍ച്ച് 7ന് കണ്ടിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ നല്‍കി തെളിയിക്കട്ടെയെന്നും ജാനു പറഞ്ഞു. വ്യക്തിപരമായി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ആരോപണങ്ങള്‍ കെട്ടിച്ചക്കുന്നതെന്നും ജാനു പറഞ്ഞു.
സി കെ ജാനുവിന്റെ വയനാട്ടിലെ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ചെലവഴിച്ച കാര്യം തെളിയുമെന്നും പ്രസീത അഴീക്കോട് വ്യക്തമാക്കി. ഒരു എഡിറ്റിംഗും ശബ്ദരേഖയുടെ കാര്യത്തില്‍ നടന്നിട്ടില്ലെന്ന് പ്രസീത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സി കെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട് അങ്ങനെയെങ്കിൽ സുരേന്ദ്രനും കേസ് കൊടുക്കണം. ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും പ്രസീത കൂട്ടിച്ചേർത്തു.