രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടപ്പെട്ടത് 594 ഡോക്ടർമാർക്ക്. കോവിഡ് വ്യാപനം തീവ്രമായതിനു ശേഷമാണ് വലിയ തോതിൽ ആരോഗ്യ പ്രവർത്തകർ മഹാമാരിയുടെ പിടിയിൽപെട്ടത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ആണ് കണക്ക് പുറത്തുവിട്ടത്.
കോവിഡ് ബാധിച്ചു മരിച്ച ഡോക്ടർമാരിൽ മുന്നിലുള്ളത് ഡൽഹിയാണ്. ഡൽഹിയിൽ മാത്രം രണ്ടാം തരംഗത്തിനിടെ 107 ഡോക്ടർമാർ കോവിഡ് ബാധിച്ചു മരിച്ചു. ബീഹാറിൽ രണ്ടാംതരംഗത്തിൽ 96 ഡോക്ടർമാർ മരിച്ചു. ഉത്തർപ്രദേശ് 67, രാജസ്ഥാൻ 43, ജാർഖണ്ഡ് 39, ആന്ധ്രപ്രദേശും തെലങ്കാനയും 32 വീതം എന്നിങ്ങനെയാണ് ഡോക്ടർമാരുടെ മരണസംഖ്യയിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ. കോവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തുടനീളം 748 ഡോക്ടർമാർ വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നും ഐഎംഎ കണക്കാക്കുന്നു.