മൈസൂരു ജില്ലയിലെ ടി. നരസിപുര താലൂക്കിലെ ഗനിഗന കൊപ്പാലു ഗ്രാമത്തിലെ ആനന്ദ് എന്ന 45കാരനാണ് ഭിന്നശേഷിക്കാരനായ മകൻറെ മരുന്നിനായി 300 കിലോമീറ്റർ സൈക്കിൾ ചവിട്ടിയത്. “എന്റെ മകൻ 18 വയസ്സ് തികയുന്നത് വരെ മരുന്ന് കൃത്യമായി കഴിച്ചാൽ മറ്റേതൊരു വ്യക്തിയെപ്പോലെയും ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയിരുന്നു. അതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഈ ലളിതമായ ദൗത്യം ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു”, ആനന്ദ് പറഞ്ഞു.
ലോക്ക് ഡൗണിനെതുടർന്ന് ബസ് സർവീസുണ്ടായിരുന്നില്ല. വാഹനം വിളിച്ചു വരാൻ ആനന്ദിന്‍റെ കൈയിൽ പണമില്ലാത്തതിനാലാണ് ബംഗളൂരു വരെ സൈക്കിളിൽ പുറപ്പെട്ടത്. രാത്രി ബംഗളൂരുവിലെത്തിയ ആനന്ദ് ക്ഷേത്ര പരിസരത്ത് ഉറങ്ങി. തിങ്കളാഴ്ച നിംഹാൻസിൽ നിന്ന് മരുന്ന് വാങ്ങി ചൊവ്വാഴ്ചയോടെ തിരിച്ച് ഗ്രാമത്തിലെത്തി. രണ്ടു ഭാഗത്തേക്കുമായി മഴയത്തും വെയിലത്തുമായി 300 കിലോമീറ്ററാണ് ആനന്ദ് സൈക്കിൾ ചവിട്ടിയത്.