നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ കേരളത്തിൽ ക്രമക്കേട് നടന്നെന്ന് ബിജെപി ദേശീയ നേതൃത്വം കണ്ടെത്തി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ദേശീയ നേതൃത്വം അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും പരാതിയിൽ അന്വേഷണം നടത്തിയ നേതൃത്വം താഴേത്തട്ടിൽ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് ഫണ്ട് കൃത്യമായി പ്രവർത്തകരിലേക്ക് എത്തിയിട്ടിലെന്നും ബൂത്ത് കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽപോലും കമ്മിറ്റികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഫണ്ട് എഴുതിയെടുത്ത സംഭവമുണ്ടായെന്നും വിലയിരുത്തി.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് എൺപത് ശതമാനത്തോളം ബൂത്ത് കമ്മിറ്റികൾ സംസ്ഥാനത്ത് സജ്ജീകരിക്കാനും തീരുമാനിച്ച ദേശീയ നേതൃത്വം തോൽവിയിൽ നിന്ന് പുറത്തുവരുന്നതിനായി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ നേരിട്ട് ഇടപെടാനൊരുകിയിരിക്കുകയാണ്.