വിനോദ സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി കോഴിക്കോട് ബീച്ച്. കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ബീച്ചിലിരിക്കുമ്പോൾ ഇനി കൂട്ടത്തിലൊരു ചെസ്സ് കളി കൂടെ ആയാലോ. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ച് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കരുനീക്കങ്ങളുടെ നാടാണ്. ബീച്ചിന്റെ നവീകരണത്തിന്റെ ഭാഗമായാണ് വലിയ ചെസ് ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്.
ബീച്ചിലെ ശില്പങ്ങള്‍ക്ക് സമീപമാണ് ചെസ് ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ബീച്ചിന്റെ നവീകരണവും പരിപാലനവും ഏറ്റെടുത്ത സോളസ് ആഡ് സൊലൂഷൻസ് എന്ന ഏജൻസിയാണ് കോർപറേഷൻ ഓഫിസിനു മുൻവശം ബീച്ചിൽ 5 മീറ്റർ നീളവും 5 മീറ്റർ വീതിയും ഉള്ള ചെസ് ബോർഡ് ഒരുക്കിയത്. രണ്ടരലക്ഷം രൂപയോളം വിലമതിക്കുന്ന കരുക്കൾ നിർമിച്ചിരിക്കുന്നത് ഫൈബർ കൊണ്ടാണ്. പ്രത്യേകതരത്തിലുള്ള ഫൈബർ ആയതിനാൽ വെയിലും മഴയുമേറ്റാലും നശിക്കില്ല. ഇതിനോട് ചേര്‍ന്ന് സി.സി.ടി.വി.യും ഉണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ കരുക്കള്‍ ഇവിടെത്തന്നെ വെക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ആർക്കിടെക്റ്റായ വിനോദ് സിറിയക്കാണ് ചെസ്സ് ബോർഡ് രൂപകല്പന ചെയ്തത്. തെക്കേ കടപ്പുറത്തെ കോര്‍ണിഷ് ബീച്ചിനോട് ചേര്‍ന്നുള്ള ചുമരില്‍ മനോഹര ചിത്രങ്ങളും ഉണ്ട്. കുറ്റിച്ചിറ, വലിയങ്ങാടി, കടപ്പുറം, ഗുജറാത്തിത്തെരുവ് എന്നീ സ്ഥലങ്ങളിലെ കാഴ്ചകളാണ് ചിത്രങ്ങളായി മാറിയത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍വന്ന് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന സാഹചര്യമാകുമ്പോള്‍ സൗന്ദര്യവത്കരിച്ച ബീച്ച് നാടിന് സമര്‍പ്പിക്കുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി സി.പി. ബീന പറഞ്ഞു. കൊവിഡ് കഴിഞ്ഞാലുടൻ മുൻ ചെസ് ചാംപ്യൻ കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെസ് ബോർഡ് നാടിന് സമർപ്പിക്കും.
ഡി.ടി.പി.സി.യുടെ കീഴിലുള്ള ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭൂരിഭാഗം പണികളും പൂര്‍ത്തിയായി. സൗത്ത് ബീച്ച്, ശിലാസാഗരം, ബീച്ച് പവിലിയന്‍ എന്നിവയാണ് മോടി കൂട്ടുന്നത്. ചുമര്‍ച്ചിത്രങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങള്‍, നിരീക്ഷണ ക്യാമറകള്‍, ഭക്ഷണകൗണ്ടര്‍, ഭിന്നശേഷി സൗഹൃദമായ റാമ്പുകള്‍, വൈദ്യുതീകരിച്ചതും നവീകരിച്ചതുമായ വഴിവിളക്കുകള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്.